To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

അന്ധബധിര വൈകല്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കും കരുതല്‍ ഒരുക്കുവാന്‍ റിസോഴ്‌സ് സെന്ററുമായി കോട്ടയം അതിരൂപത

May 13, 2025
അന്ധബധിര വൈകല്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കും കരുതല്‍ ഒരുക്കുവാന്‍ റിസോഴ്‌സ് സെന്ററുമായി കോട്ടയം അതിരൂപത

ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അന്ധബധിര വൈകല്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കുമായി പുതുതായി റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ കടുത്തുരുത്തി പൂഴിക്കോലിലാണ് മര്‍ത്താ ഭവന്‍ ബധിരാന്ധത ബഹുവൈകല്യ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. റിസോഴ്‌സ് സെന്ററിന്റെ ഔപചാരികമായ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. നിരന്തരമായ പരിശീലനങ്ങളിലൂടെയും പരിശ്രമങ്ങളിലൂടെയും മാത്രമേ ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണം സാധ്യമാവുകയുള്ളുവെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഭിന്നശേഷിയുള്ളവരുടെ അഭിരുചി കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കിയെടുക്കുവാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍, പൂഴിക്കോല്‍ സെന്റ് ലൂക്ക്‌സ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി റവ. ഫാ. ഷാജി മുകളേല്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സെന്ററിനോട് അനുബന്ധിച്ച് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണല്‍ തെറാപ്പി, ഹൈഡ്രോ തെറാപ്പി, വിഷന്‍ ട്രെയിനിംഗ്, ഓഡിറ്ററി ട്രെയിനിംഗ്, ബ്രെയിന്‍ ലിബി ട്രെയിനിംഗ്, സൈന്‍ ലാംഗ്വേജ് ട്രെയിനിംഗ്, ടാക്‌ടെയില്‍ സൈന്‍ ലാംഗ്വേജ് ട്രെയിനിംഗ്, കലണ്ടര്‍ ബോക്‌സ് ടീച്ചിംഗ്, വോക്കേഷണല്‍ ട്രെയിനിംഗ്, അഡ്വക്കസി & നെറ്റ്‌വര്‍ക്ക് മീറ്റിംഗ്, സെന്‍സറി പാര്‍ക്ക്, തുടങ്ങിയ വിവിധങ്ങളായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശാസ്ത്രീയ പരിശീലനം പൂര്‍ത്തിയാക്കിയ സ്‌പെഷ്യല്‍ എജ്യൂക്കേറ്റേഴ്‌സിന്റെയും സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനവും സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. അന്ധബധിര വൈകല്യമുള്ളവര്‍ക്കും ബഹുവൈകല്യമുള്ളവര്‍ക്കും സെന്ററിന്റെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അന്ധബധിര സംസ്ഥാനതല റിസോഴ്‌സ് സെന്ററിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Office: 9400331281

Follow Us: