കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 15-ാമത്‌ ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനമായ ഇന്നലെ നാളികേര സെമിനാറും കോക്കനട്ട്‌ ഒളിമ്പിക്‌സ്‌ മത്സരവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്‌ഘാടനം കെ. അജിത്‌ എം.എല്‍.എ നിര്‍വ്വഹിച്ചു. നാളികേര സംരക്ഷണം കാര്‍ഷിക കേരളത്തിന്റെ സുസ്ഥിരതയ്‌ക്ക്‌ അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാളികേര വികസനബോര്‍ഡ്‌ ചെയര്‍മാന്‍ ടി. കെ ജോസ്‌ ഐ.എ.എസ്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. തെങ്ങിന്റെ മൂല്യ വര്‍ദ്ധിത ഉല്‌പന്നങ്ങളുടെ നിര്‍മ്മാണ, വാണിജ്യ മേഖലകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ ഇന്നത്തെ കേരകര്‍ഷകരുടെ പ്രതിസന്ധി ഒരു പരിധിവരെ തരണം ചെയ്യാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ വി. കെ രാജു, നാളികേര വികസന ബോര്‍ഡ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. രമണി ഗോപാലകൃഷ്‌ണന്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്‌.എസ്‌.എസ്‌ അസിസ്റ്റന്റ്‌ സെക്രട്ടറി ഫാ. ബിന്‍സ്‌ ചേത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു. നാളികേര സംരക്ഷണവും കേരകര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമിട്ട്‌ സംഘടിപ്പിച്ച സെമിനാറില്‍ നാളികേര ഉല്‌പാദക സംഘങ്ങള്‍, നാളികേര നഴ്‌സറി തുടങ്ങിയവയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്‌തു. തുടര്‍ന്ന്‌ തെങ്ങുകയറ്റ മെഷീന്‍ ഉപയോഗിച്ചുള്ള കോക്കനട്ട്‌ ഒളിമ്പിക്‌സ്‌ മത്സരവും നടത്തപ്പെട്ടു. പുരുഷ വിഭാഗത്തില്‍ തീക്കോയി സ്വദേശി ടോമി ജോസഫ്‌, ചാമക്കാല സ്വദേശി ആനന്ദ്‌ ജോണ്‍, ദീപക്‌ എന്നിവരും വനിതാ വിഭാഗത്തില്‍ മണിമല സ്വദേശി ബിജി തോമസ്‌, വെള്ളൂര്‍ സ്വദേശി മായ സ്റ്റീഫന്‍, ഉഴവൂര്‍ സ്വദേശി ലില്ലി തോമസ്‌ എന്നിവരും വിജയികളായി.
കാര്‍ഷികമേളയുടെ മൂന്നാംദിനമായ ഇന്ന്‌ രാവിലെ 11 ന്‌ വനിതാശക്തീകരണ സെമിനാര്‍ നടത്തപ്പെടും. സെമിനാറിന്റെ ഉദ്‌ഘാടനം ഇ.എസ്‌ ബിജി മോള്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. പ്രമീള ദേവി ജെ അദ്ധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ്‌ 2 ന്‌ കെ.എസ്‌.എസ്‌.എസ്‌ സംഘടിപ്പിച്ച ഭക്ഷ്യസുരക്ഷാ വിളംബര സന്ദേശയാത്രയുടെ സമാപനം ഏറ്റുമാനൂരില്‍ നടത്തപ്പെടും.