കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മലങ്കര മേഖലയിലെ ഇരവിപേരൂര്‍ ഗ്രാമത്തിലെ അനിമേറ്ററും പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗവുമായ ത്രേസ്സ്യാമ്മ കുരുവിളയ്ക്ക് കെ.സി.ബി.സി ജെസ്റ്റിസ് പീസ് ആന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ ആദരവ്.2025 ലെ വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച് ജെ.പി.ഡി കമ്മീഷന്റെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ അടിച്ചിറ ആമോസ് സെന്ററില്‍ സംഘടിപ്പിച്ച വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ത്രേസ്സ്യാമ്മ കുരുവിളയ്ക്ക് ആദരവ് ലഭിച്ചത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ പോലുള്ള ഭരണ സംവിധാനങ്ങളിലേക്കു സഭയുടെ സ്വയം സഹായ സംഘങ്ങളിലൂടെ കടന്നു വന്നു സഭയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയിലാണ് ത്രേസ്യാമ്മയ്ക്ക് ആദരവ് ലഭിച്ചത്. കെ.സി.ബി.സി ജെപിഡി കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപത മെത്രാനുമായ മാര്‍ ജോസ് പുളിക്കല്‍ പിതാവില്‍ നിന്നുമാണ് ത്രേസ്സ്യാമ്മ ആദരവ് ഏറ്റുവാങ്ങിയത്. കേരളത്തിലെ 32 രൂപതകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വനിതകളെയാണ് ദിനാചരണത്തോനുബന്ധിച്ച് ആദരിച്ചത്. ആദരവ് കരസ്ഥമാക്കിയ ത്രേസ്സ്യാമ്മ കുരുവിളയ്ക്ക് കെ.എസ്.എസ്.എസ് ചൈതന്യ കുടുംബത്തിന്റെ അഭിനന്ദനങ്ങള്‍…