ചൈതന്യ കാര്‍ഷിക മേളയിലെ അനുഭവ സമ്പത്ത് കര്‍ഷകര്‍ക്ക് കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടത്തിയ പതിനഞ്ചാമത് ചൈതന്യ കാര്‍ഷികമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക കേരളത്തിന്റെ തനത് കൃഷികളായ നാളികേരവും നെല്‍കൃഷിയും ഇന്ന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കാര്‍ഷിക മേഖലയില്‍ റബ്ബര്‍കൃഷി മാത്രമാണ് സ്ഥായിയായി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൃഷി സ്ഥലത്തിന്റെ അളവും ഉല്‍പ്പാദനക്ഷമതയും കുറയുന്നത് വെല്ലുവിളിയാണെന്നും ഹൈടെക് കൃഷി രീതി വ്യാപകമാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സാമൂഹ്യ സന്നദ്ധ സംഘടനകള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്ഹമാമെന്നും കാര്‍ഷിക സംസ്ക്കാരം സംജാതമാക്കുവാന്‍ ചൈതന്യകാര്ഷിക മേള വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ദേശീയതലത്തില്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കുന്ന മേളയായി ചൈതന്യ കാര്‍ഷികമേള മാറിയെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജവും കരുത്തും നല്കുവാന് മേള വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് കെ.എസ്.എസ്.എസ് വികസന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് മൃഗസംരക്ഷണവും ജൈവകൃഷിയും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വ്യാപനവും മാലിന്യ സംസ്ക്കരണവും സാദ്ധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ആന്റോ ആന്റണി എം.പി, ജോയി അബ്രാഹം എം.പി, ചീഫ് സെക്രട്ടറി ജോസ് സിറിയക് ഐ.എ.എസ്, കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, തോമസ് ചാഴികാടന് എക്സ് എം.എല്‍.എ, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന് ജോയിന്റ് ഡയറക്ടര്‍ രുഗ്മിണി, ആകാശവാണി വയലും വീടും പ്രോഗ്രാം എക്സിക്യൂട്ടിവ് മുരളീധരന് തഴക്കര, കോട്ടയം ജില്ലാ പോലീസ് മേധാവി സി. രാജഗോപാല്‍ ഐ.പി.എസ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കൃഷി പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി കെ.എസ്.എസ്.എസ് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി അവാര്‍ഡ് മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ഇ.വി രാഗേഷിന് ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനിച്ചു.
രാവിലെ 11 ന് നടത്തപ്പെട്ട കര്‍ഷകസംഗമത്തിന്റെ ഉദ്ഘാടനം മുല്ലക്കര രത്നാകരന് എം.എല്‍.എ നിര്‍വ്വഹിച്ചു. ആകാശവാണി വയലും വീടും പ്രോഗ്രാം എക്സിക്യൂട്ടിവ് മുരളീധരന് തഴക്കര സെമിനാര്‍ നയിച്ചു. തുടര്‍ന്ന് നടത്തപ്പെട്ട കാര്‍ഷിക മത്സരങ്ങളായ താറാവോട്ടം, ചക്കവെട്ടിയൊരുക്കല് മത്സരങ്ങളില്‍ യഥാക്രമം എം.ജെ മാത്യു, മകുടാലയം, ബിജോയി ചെറിയാന് കല്ലറ, ഗ്രേയ്സി സ്റ്റീഫന്‍ പടമുഖം, മേരി ജോര്‍ജ് ഞീഴൂര്‍ എന്നിവര്‍ വിജയികളായി. കബടി മത്സരത്തില്‍ ചെറുകര, ചുങ്കം ഗ്രാമങ്ങള്‍ വിജയികളായി
ഐ.എസ്.ആര്.ഒ ശാസ്ത്ര പ്രദര്‍ശനങ്ങള്‍, പ്ലാനറ്റോറിയം എക്സിബിഷന്, കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍, ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, സ്വാശ്രയ സംഘ കലാവിരുന്നുകള്‍, പൗരാണിക ഭോജനശാല, മെഡിക്കല്‍ എക്സിബിഷനുകളും മെഡിക്കല്‍ ക്യാമ്പുകളും, അമ്യൂസ്മെന്റ് പാര്‍ക്ക്, കൂണ്മേള, പക്ഷിമൃഗാദികളുടെ പ്രദര്‍ശനവും വിപണനവും, മത സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, വ്യത്യസ്തവും പുതുമനിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, കെ.എസ്.എസ്.എസ് വികസന കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം എന്നിവകൊണ്ട് കാര്‍ഷികമേള ഏറെ ശ്രദ്ധേയമായി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ രണ്ടു വരെ നടത്തിയ കാര്ഷികമേളില് രണ്ടു ലക്ഷത്തോളം പേര് സന്ദര്‍ശകരായി എത്തി.
0 Comments