വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-സാമൂഹ്യ സേവന മേഖലകളുടെ ഉന്നമനത്തിനായി മാര്‍ തോമസ് തറയില്‍ പിതാവ് പകര്‍ന്ന് നല്‍കിയത് മൂല്യവത്തായ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളുമാണെന്ന് കോട്ടയം ആര്‍ച്ച ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക ദിനാചരണത്തിന്റെയും സ്ഥാപക പിതാവായ മാര്‍ തോമസ് തറയിലിന്റെ അനുസ്മരണ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തറയില്‍ പിതാവിന്റെ ധന്യമായ ജീവിത മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ കര്‍മ്മ ശേഷിയുള്ളവരായി പ്രവര്‍ത്തിക്കുവാന്‍ കഴിയണമെന്നും മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. സമൂഹത്തിന്റെ സമസ്ഥമേഖലകളേയും സ്പര്‍ശ്ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ തറയില്‍ പിതാവിനാല്‍ സ്ഥാപിതമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് സാധിച്ചുവെന്നും പ്രത്യേകമായി ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മുഖ്യധാരാവത്ക്കരണത്തിന് വഴിയൊരുക്കുവാന്‍ സാധിച്ചുവെന്നത് ഏറെ മാതൃകാപരമായ കാര്യമാണെന്നും മാര്‍ മാത്യു മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. തോമസ് ആദോപ്പള്ളില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട് , ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പേടത്ത്മലയില്‍, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിതാ എസ്.ജെ.സി, കാരിത്താസ് സെക്ക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ റവ. സിസ്റ്റര്‍ ലിസ്സി ജോണ്‍ മുടക്കോടില്‍, ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് കുര്യന്‍, കോട്ടയം അതിരൂപത സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരുക്കിലേട്ട് എന്നിവര്‍ അനുസ്മരണ സന്ദേശവും ആശംസയും നല്‍കി. ചടങ്ങിനോടുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന നാള്‍വഴികളുടെ പ്രകാശന കര്‍മ്മവും നടത്തപ്പെട്ടു. 1964 സെപ്റ്റംബര്‍ 14 നാണ് സൊസൈറ്റിസ് രജിസ്ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത്് കെ.എസ്.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവയ്പ്പിലൂടെയായിരുന്നു കെ.എസ്.എസ്.എസ് സ്ഥാപിതമായത്. ഇന്ന് മദ്ധ്യ കേരളത്തിലെ 5 ജില്ലാകളായ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലായി സ്വാശ്രയ സംഘങ്ങളിലൂടെ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.