സ്വാശ്രയ സംഘങ്ങളിലൂടെ സമഗ്ര വികസനം എന്ന ആശയം മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വാശ്രയസംഘ ഭാരവാഹി സംഗമവും നേതൃത്വ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബിസി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട പരിശീലന പരിപാടിയോടനുബന്ധിച്ച് സെമിനാറും ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. സെമിനാറിന് കെ.എസ്.എസ്.എസ് ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് ചുങ്കം മേഖലയില്‍ നിന്നുള്ള സ്വാശ്രയസംഘ ഭാരവാഹി പ്രതിനിധികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.