ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അസിം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഭിന്നശേഷിയുള്ള കുട്ടികളെയും ഭിന്നശേഷിയുള്ളവര്‍ക്കായി ദേശീയ തലത്തില്‍ സംഘടിപ്പിച്ച പാരാ അതലറ്റിക്‌സ് ചാമ്പന്‍ഷിപ്പില്‍ ഷോട്പുട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥാക്കിയ കോട്ടയം ജില്ലയിലെ കരിപ്പൂത്തട്ട് സ്വദേശി അജില്‍ സേവിയറിനേയും ആദരിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച സെമിനാറിന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം റിസോഴ്‌സ് പേഴ്‌സണ്‍ സജോ ജോയി നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ളവരുടെ അവകാശ സംരക്ഷണത്തോടൊപ്പം ആനുകൂല്യങ്ങളുടെ ലഭ്യമാക്കലിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ സംസ്ഥാനതല പഠന കേന്ദ്രവും റിസോഴ്‌സ് സെന്ററും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.