To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു

December 28, 2021
ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയസംഘ  മഹോത്സവത്തിനും തിരിതെളിഞ്ഞു

ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയസംഘ
മഹോത്സവത്തിനും തിരിതെളിഞ്ഞു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തിനും തിരിതെളിഞ്ഞു. കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഹോത്സവത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കാര്‍ഷിക മേഖലയുടെ പുരോഗതി നാടിന്റെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനും സ്വാശ്രയത്വ ബോധത്തില്‍ മുന്നേറുവാനും ചൈതന്യ അഗ്രി എക്‌സ്‌പോയും സ്വാശ്രയസംഘ മഹോത്സവവും പ്രചോദനമാകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാശ്രയസംഘ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിനും കാര്‍ഷിക സംസ്‌ക്കാരം പൊടിതട്ടി എടുക്കുവാനും ചൈതന്യ അഗ്രി എക്‌സ്‌പോ വഴിയൊരുക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മുകളേല്‍ മത്തായി ലീലാമ്മ കര്‍ഷക കുടുംബ പുരസ്‌ക്കാരം പാലക്കാട് കുളക്കാട്ടുകുറിശ്ശി പുളിക്കത്താഴെ വീട്ടില്‍ സ്വപ്നാ ജെയിംസിനും കുടുംബത്തിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മാനിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ , അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി ലിസ്സി ലൂക്കോസ്, നവചൈതന്യ വികലാംഗ ഫെഡറേഷന്‍ സെക്രട്ടറി രാജു കെ. എന്നിവര്‍ പ്രസംഗിച്ചു. കാര്‍ഷിക മഹോത്സവത്തിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് രാവിലെ 11.15 ന് നടത്തപ്പെട്ട പതാക ഉയര്‍ത്തല്‍ കര്‍മ്മം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ഒന്നാം ദിനത്തില്‍ വനിതകള്‍ക്കായി നടത്തപ്പെട്ട മടല്‍ കീറല്‍ മത്സരത്തില്‍ രാജി സുരേഷ് കടുത്തുരുത്തി, ഷേര്‍ളി കുര്യാക്കോസ് കിടങ്ങൂര്‍ എന്നിവരും നാടോടി നൃത്ത മത്സരത്തില്‍ രേവതി ചുങ്കം, വിസ്മയ വിജയന്‍ കൈപ്പുഴ എന്നീവരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്വാശ്രയ നൈപുണ്യ ദിനമായി ആചരിക്കുന്ന കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ രാവിലെ 11.15 ന് കൈപ്പുഴ മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.45 ന് സ്വാശ്രയസംഘങ്ങള്‍ ശാക്തീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ എന്ന വിഷയത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി സെമിനാര്‍ നയിക്കും. 1.00 മണിക്ക് ദമ്പതികള്‍ക്കായുള്ള പാളവലി മത്സരവും 1.30 ന് ചുങ്കം മേഖല കലാപരിപാടികളും 2.30 ന് നാട്ടുപച്ച നാടന്‍ പാട്ട് മത്സരവും നടത്തപ്പെടും. 3.30 ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന വരുമാന സംരംഭകത്വ ലോണ്‍മേള മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എല്‍.എ നിര്‍വ്വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. മിസ് ഫെയ്‌സ് ഓഫ് ഇന്‍ഡ്യ അഞ്ജു കൃഷ്ണ അശോക് മുഖ്യാതിഥിയായി പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ബീനാ ജോര്‍ജ്ജ്, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ് മാനേജര്‍ റെജി വര്‍ഗ്ഗീസ്, അപനാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, സെന്റ് ജോസഫ്‌സ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ അനിത എസ്.ജെ.സി., ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപുറത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കോട്ടയം വനിതാ ശിശു വികസന ഓഫീസര്‍ ജെബിന്‍ ലോലിത സെയിന്‍ കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ റവ. ഫാ. ജെയിംസ് വടക്കേകണ്ടംകരിയില്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച സ്വാശ്രയസംഘ ഭാരവാഹിക്ക് ലഭ്യമാക്കുന്ന പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. 5.30 ന് സ്വാശ്രയസംഘ വനിതാ വടംവലി മത്സരവും 6.30 ന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘സ്വര്‍ണ്ണമുഖി’ നാടകവും നടത്തപ്പെടും. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ പോത്തുകളിലൊന്നായ കമാന്റോയുടെ പ്രദര്‍ശനം, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, എക്‌സിബിഷനുകള്‍, പുരാവസ്തു പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, ഒറ്റമൂലി നാട്ടുമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും, മെഡിക്കല്‍ ക്യാമ്പുകള്‍, പൗരാണിക ഭോജനശാല, ചക്ക മഹോത്സവം തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: