കാര്‍ഷിക മേഖലയില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന്‌ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം. ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്‌ അദ്ദഹം പറഞ്ഞു. ചൈതന്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങല്‍ പതിനഞ്ചാമത്‌ ചൈതന്യ കാര്‍ഷിക മേളയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിക്കാരുടെ കൂട്ടായ്‌മ വഴി മാര്‍ക്കറ്റ്‌ ശൃംഖലകള്‍ വര്‍ധിപ്പിക്കാന്‍ കഴിയും. ആദ്യ ഭക്ഷ്യ വിപ്ലവകാലത്ത്‌ കാര്‍ഷിക ഉത്‌പാദനം വര്‍ധിപ്പിക്കുകയായിരുന്നു പരമ പ്രധാനമായ ലക്ഷ്യം. എന്നാല്‍, രണ്ടാം ഭക്ഷ്യവിപ്ലവത്തില്‍ മണ്ണിനു യോജിച്ച കൃഷി പ്രാവര്‍ത്തികമാക്കുകയാണ്‌ വേണ്ടത്‌. രാജ്യത്തെ 80 കോടി ജനങ്ങള്‍ ഗ്രാമങ്ങളിലാണ്‌ വസിക്കുന്നത്‌. പുരോഗതി ലക്ഷ്യമിടുന്ന ഏതു മിഷനും അതുകൊണ്ട്‌ ഗ്രാമീണ മേഖലയുടെ സ്‌പന്ദനം ഉള്‍ക്കൊള്ളുന്നതാകണമെന്ന്‌ ഡോ.കലാം ഓര്‍മിപ്പിച്ചു.
സംയോജിത കൃഷിരീതിക്ക്‌ ആധുനിക കാലഘട്ടത്തില്‍ വലിയ പ്രാധാന്യമാണുള്ളതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.എം.മാണി പറഞ്ഞു. കാര്‍ഷികമേള ചൈതന്യയ്‌ക്ക്‌ പുതിയ ചൈതന്യം പകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെു. കേരളം ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ചൈതന്യയ്‌ക്കു കഴിയുന്നുവെന്നത്‌ ഏറെ പ്രധാന്യമര്‍ഹിക്കുന്നുവെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ചൂണ്ടിക്കാട്ടി. കാര്‍ഷികമേളയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൈതന്യ പകരുന്ന വെളിച്ചം കേരളത്തില്‍ മുഴുവന്‍ വ്യാപിക്കട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു. സുരേഷ്‌ കുറുപ്പ്‌ എം.എല്‍.എ, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, ജില്ലാ കളക്ടര്‍ മിനി ആന്റണി, തോമസ്‌ ചാഴികാടന്‍ എക്‌സ്‌ എം.എല്‍.എ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ സ്വാഗതവും, വികാരി ജനറാള്‍ മോണ്‍.മാത്യു ഇളപ്പാനിക്കല്‍ നന്ദിയും പറഞ്ഞു. കെ.എസ്‌.എസ്‌.എസ്‌ സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, അബ്ദുള്‍ കലാമിന്‌ മെമന്റോ സമ്മാനിച്ചു.
സദസിലുണ്ടായിരുന്ന ക്‌നാനായ സ്‌റ്റാര്‍സിലെയും, സ്‌മാര്‍ട്ട്‌ ഗ്രൂപ്പിലെയും കുട്ടികളുമായി അരമണിക്കൂറോളം സംവാദം നടത്തിയ ഡോ.കലാം അവരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുകയും, ജീവിത വിജയത്തിന്‌ ഉതകുന്ന നിരവധി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു.