* താറാവ് വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു
കോട്ടയം: അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക് പുതുവെളിച്ചം പകരുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ചെറുകിട വരുമാന സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന താറാവ് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ധനസഹായ വിതരണത്തന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസപ്പെടുന്ന ആളുകള്‍ക്ക് ഉപവരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുന്നതിലൂടെ സമൂഹത്തില്‍ നന്മയുടെ കരുതല്‍ ഒരുക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കൈപ്പുഴ, മലങ്കര മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കര്‍ഷകര്‍ക്കാണ് താറാവ് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കിയത്.