കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിസ്സാ ഹട്ടുമായി സഹകരിച്ച് നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി മുന്നൂറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ നിധിന്‍ പുല്ലുകാടന്‍, സിസ്റ്റര്‍ ഷീബ എസ്.വി.എം., കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ ജിജി ജോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. അരി, പഞ്ചസാര, ഗോതമ്പ് പൊടി, റവ, കടല, ചെറുപയര്‍, കടുക്, മുളക് പൊടി, മല്ലിപ്പൊടി, കുക്കിംഗ് ഓയില്‍, ചായപ്പൊടി എന്നിവ അടങ്ങുന്ന ഭക്ഷ്യകിറ്റുകളാണ് ലഭ്യമാക്കിയത്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് അതിജീവനം പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.