* ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: അതിജീവനത്തിന്റെ പാതയില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ജീവനോപാദി പുനസ്ഥാപന പദ്ധതികള്‍ ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവനത്തോടൊപ്പം ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങളിലൂടെ ഉപവരുമാന സാധ്യതകളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഭ്യമാക്കുന്ന ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപവരുമാന പദ്ധതികളുടെ വിജയകരമായ നടത്തിപ്പിന് ശാസ്ത്രസാങ്കേതിക മേഖലയിലെ പുരോഗതികള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമാകത്തക്കവിധത്തില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കിടങ്ങൂര്‍, കടുത്തുരുത്തി, ഉഴവൂര്‍, മലങ്കര എന്നീ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളും ലഭ്യമാക്കിയത്.