അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതല അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിജി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്‍ഡ്യ അഡ്വക്കസി ഓഫീസര്‍ ശ്രുതിലത സിംഗ്, സൈന്‍ ഭാഷാ പരിഭാഷക ഒമിറ്റാ നിങ്ങോഡാം, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. അന്ധബധിര വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇത്തരം കുട്ടികള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം ഭിന്നശേഷിയുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വക്കസി മിറ്റിംഗ് സംഘടിപ്പിച്ചത്. സെന്‍സ് സംഘടനാ പ്രതിനിധികളും തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍ നിന്നുമുള്ള അന്ധബധിര വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും അന്ധബധിര ഫെഡറേഷന്‍ ഭാരവാഹികളും മീറ്റിംഗില്‍ പങ്കെടുത്തു.