ഊര്‍ജ്ജ ഉപയോഗത്തില്‍ മിതത്വം പാലിക്കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുമായി സഹകരിച്ചുകൊണ്ട് വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞ് സാധ്യമാകുന്ന വിധത്തില്‍ ഊര്‍ജ്ജ സംരംക്ഷകരായി മാറുവാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗാര്‍ഹിക ഊര്‍ജ്ജ ഉപയോഗം ക്രമീകരിക്കുവാന്‍ വീട്ടമ്മമാര്‍ക്ക് വലിയ പങ്ക് വഹിക്കുവാന്‍ കഴിയുമെന്നും ഊര്‍ജ്ജ സംരക്ഷണം വരും തലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ആലീസ് ജോസഫ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. ഉര്‍ജ്ജ സംരക്ഷണവും കാര്യക്ഷമതയും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിന് എനര്‍ജി മാനേജ്‌മെന്റ് കേരള റിസോഴ്‌സ് പേഴ്‌സണ്‍ ജോസ് ഫിലിപ്പ് നേതൃത്വം നല്‍കി. കൂടാതെ ഊര്‍ജ്ജ സംരക്ഷണ ലഘുലേഖകളുടെ വിതരണവും നടത്തപ്പെട്ടു.