ഉന്നത വിദ്യാഭ്യാസ സാധ്യതകളും അതോടൊപ്പം തന്നെ അഭിരുചിക്കനുസരിച്ചുള്ള തൊഴില്‍ മേഖലകളും കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഏകദിന കരിയര്‍ ഗൈഡന്‍സ് ശില്പശാല സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്പശാലയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. സ്വയം തിരിച്ചറിയുന്നതോടൊപ്പം നൂതന തൊഴില്‍ മേഖലകളും അതിലെ സാധ്യതകളും പ്രയോജനപ്പെടുത്തുവാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. നാളത്തെ പൗരന്മാരെ വാര്‍ത്തെടുക്കുന്ന പ്രക്രീയയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കും മുന്‍ഗണന നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ട്രെയിനറും കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് സംസ്ഥാന തല ഗവേണിംഗ് ബോഡി മെമ്പറുമായ സജോ ജോയിയും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പറും കരിയര്‍ ഗൈഡന്‍സ് റിസോഴ്‌സ് പേഴ്‌സണുമായ ഡോ. റോസമ്മ സോണിയും ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. 10, 11, 12 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന കരിയര്‍ അവബോധം നല്‍കുവാന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ 100റോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.