കോട്ടയം: ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തെളളകം ചൈതന്യയില്‍ കര്‍മ്മപദ്ധതികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, സിസ്റ്റര്‍ ഷീബ എസ്.വി.എം, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ കെ.എസ്.എസ്.എസ് നടപ്പിലാക്കുന്ന ആശകിരണം കാന്‍സര്‍ സുരക്ഷ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് കാന്‍സര്‍ ദിനാചരണവും കര്‍മ്മപദ്ധതികളും വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്. 100 കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായ വിതരണം, കാന്‍സര്‍ രോഗത്തെ അതിജീവിച്ച ആളുകളുടെ കൂട്ടായ്മ രൂപീകരണം, കാന്‍സര്‍ രോഗികളായിട്ടുള്ള ആളുകള്‍ ഉള്ള കുടുംബങ്ങള്‍ക്കായുള്ള ഭക്ഷ്യകിറ്റുകളുടെയും കോവിഡ് പ്രതിരോധ കിറ്റുകളുടെയും വിതരണം, ഹെയര്‍ ഡൊണേഷന്‍ ക്യാമ്പെയിന്‍, കാന്‍സര്‍ ബോധവത്ക്കരണ പരിപാടികളും ഡിറ്റക്ഷന്‍ ക്യാമ്പുകളും, കാന്‍സര്‍ സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി രൂപം നല്‍കിയിട്ടുള്ള സന്നദ്ധസേന യൂണീറ്റുകളുടെ വിപുലീകരണം തുടങ്ങിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് കാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.