കോട്ടയം അതിരൂപതയുടെ അദ്ധ്യക്ഷനായ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് മെത്രാഭിഷേക സ്വീകരണത്തിന്റെ സില്‍വര്‍ ജൂബിലി നിറവില്‍ എത്തി നില്‍ക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ക്നാനായ സമൂഹത്തോടൊപ്പം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട എല്ലാ ആളുകള്‍ക്കും ഇത് സന്തോഷ നിമിഷം. തന്റെ മെത്രാഭിഷേകത്തെ സന്ന്യാസ ചൈതന്യത്തിലൂടെ മുന്‍പോട്ട് കൊണ്ടുപോകുവാന്‍ അഭിവന്ദ്യ പിതാവിന് സാധിച്ചുവെന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കാരുണ്യത്തില്‍ അധിഷ്ഠിതമായ സേവന ചൈതന്യം മുറുകെ പിടിച്ചുകൊണ്ടാണ് പിതാവ് തന്റെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ദൗത്യം നിര്‍വ്വഹിക്കുന്നത്. തന്റെ പ്രവര്‍ത്തനങ്ങളിലും ചിന്തകളിലും ദര്‍ശനങ്ങളിലും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സാമൂഹ്യ സേവനത്തിന്റെയും ആശങ്ങള്‍ ഉയര്‍ത്തിപ്പിക്കുവാന്‍ പിതാവ് എപ്പോഴും ശ്രദ്ധിച്ച് പോന്നിരുന്നു. പിതാവിന്റെ ഈ ദര്‍ശനവും പ്രോത്സാഹനവും പിന്തുണയും ഏറ്റുവാങ്ങിക്കൊണ്ടാണ് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളായ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ഇടുക്കി തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയും അതിരൂപതയിലെ വിവിധ സംഘടനകളും സന്ന്യാസ സമൂഹങ്ങളും പ്രവര്‍ത്തിച്ചുവരുന്നത്.
ജാതി മത വര്‍ണ്ണ വര്‍ഗ്ഗ വിവേചനമില്ലാതെ എല്ലാവരുടെയും ഉന്നമനത്തിനായി നിലകൊള്ളുവാനും പ്രവര്‍ത്തിക്കുവാനും അതിരൂപതാ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും പിന്തുണയും നല്‍കുന്നത് അഭിവന്ദ്യ പിതാവാണ്. കാര്യങ്ങളെ കൃത്യമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന പിതാവില്‍ നിന്നും ആശയങ്ങളും ഉള്‍ക്കാഴ്ച്ചകളും സ്വീകരിച്ചുകൊണ്ട് മുന്നേറുവാന്‍ സൊസൈറ്റികള്‍ക്ക് കഴിയുന്നത് കാരുണ്യവാനായ ദൈവത്തിന്റെ പ്രത്യേകമായ കരുതലാണ്.
തന്റെ അജപാലന ആത്മീയ ദൗത്യ നിര്‍വ്വഹണത്തോടൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മുഖ്യധാരവത്ക്കരണത്തിനും ഉന്നമനത്തിനും പിതാവ് സവിശേഷ പ്രധാന്യം നല്‍കിയിരുന്നു. പ്രത്യേകമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി തുടക്കം കുറിച്ച സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പിതാവ് പ്രത്യേകമായ താല്‍പര്യവും പിന്തുണയും പ്രോത്സാഹനവും നേതൃത്വവും നല്‍കി വരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്കായുള്ള അവശ്യമരുന്നുകളുടെ വിതരണം, സഹായ ഉപകരണങ്ങളുടെ വിതരണം, അഗാപ്പെ സ്പെഷ്യല്‍ സ്‌കൂളുകള്‍, വിവിധ പരിശീലനങ്ങളും സ്വയം തൊഴില്‍ സംരംഭങ്ങളും വരുമാന പദ്ധതികളും കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നു. കൂടാതെ അന്ധബധിര വൈകല്യമുള്ള വ്യക്തികളുടെ ഉന്നമനത്തിനായുള്ള സംസ്ഥാനതല പഠന കേന്ദ്രവും റിസോഴ്സ് സെന്ററും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭിന്നശേഷിയുള്ളവരോട് പ്രത്യേകമായ കരുതലും വത്സല്യവും പ്രകടിപ്പിച്ചിരുന്ന പിതാവ് ഭിന്നശേഷിയുള്ള വ്യക്തികളുടെ മുഖ്യധാരാവത്ക്കരണം സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന്റ ഉത്തരവാദിത്വമാണെന്ന് തന്റെ വാക്കുകളിലൂടെ ഓര്‍മ്മിപ്പിക്കാറുണ്ട്.
സ്വാശ്രയസംഘങ്ങളിലൂടെ സാമൂഹ്യ മുന്നേറ്റവും വ്യക്തി കുടുംബ സമൂഹ പുരോഗതിയും എന്ന ആശയത്തിന് അഭിവന്ദ്യ പിതാവ് നല്‍കിയ നിര്‍ല്ലോഭമായ പ്രോത്സാഹനം വഴിയാണ് അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗങ്ങളിലൂടെ സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുവാന്‍ സാധിച്ചത്. സ്വാശ്രയസംഘങ്ങളെ സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ലുകളായാണ് പിതാവ് വിശേഷിപ്പിച്ചിരുന്നത്. ഇന്നും സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്‍പോട്ട് കാണ്ടുപോകുവാന്‍ സൊസൈറ്റികള്‍ക്ക് സാധിക്കുന്നത് പിതാവിന്റെ ശക്തമായ പിന്തുണകൊണ്ട് മാത്രമാണ്.
കാര്‍ഷിക വൃത്തിയെയും കാര്‍ഷിക മേഖലയെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പിതാവ് കൃഷി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന്റെയും പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും കരുത്തിലാണ് കര്‍ഷക സംഘങ്ങളും പുരുഷസ്വയം സഹായ സംഘങ്ങളും രൂപീകരിക്കുകയും സംഘകൃഷി പ്രോത്സാഹനവും കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളും സ്വയംതൊഴില്‍ വരുമാന പദ്ധതികളുമൊക്കെ നടപ്പിലാക്കുവാനും സാധിച്ചത്. ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും ഹൈറേഞ്ച് ഹരിതമേളയുമൊക്കെ അടുക്കും ചിട്ടയോടും കൂടി മനോഹരമായി സംഘടിപ്പിക്കുവാന്‍ സാധിക്കുന്നത് പിതാവിന്റെ ശക്തമായ പ്രോത്സാഹനത്തിലൂടെയും പിന്തുണയിലൂടെയുമാണ്. മധ്യകേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേളയായി ചൈതന്യ കാര്‍ഷിക മേളയെ മാറ്റിയതില്‍ അഭിവന്ദ്യ പിതാവ് വഹിച്ച പങ്ക് വലുതാണ്.
സാമൂഹ്യ പ്രവര്‍ത്തനമെന്നാല്‍ സമൂഹത്തിന്റെ സമസ്ഥമേഖലകളെയും സ്പര്‍ശിക്കുന്ന ഇടപെടിലുകളായിരിക്കണമെന്ന പിതാവിന്റെ ചിന്തയിലാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ സേവന വിഭാഗങ്ങള്‍ ഇടപെട്ടിരുന്നത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമെല്ലാം പിതാവിന്റെ സത്വരമായ ഇടപെടിലുകളിലൂടെ നേതൃത്വം നല്‍കുവാന്‍ സൊസൈറ്റികള്‍ക്ക് സാധിച്ചിട്ടുണ്ട്. പ്രളയദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനും ഭവന പുനരുദ്ധാരണത്തിനും വരുമാന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം വഴിയൊരുക്കുവാന്‍ ഇതിലൂടെ സാധിച്ചു. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഓക്സിജന്‍ കോണ്‍സെന്റേറ്ററുകള്‍, മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍, സ്റ്റിം ഇന്‍ഹീലറുകള്‍, പി.പി.ഇ കിറ്റുകള്‍, ടാസ്‌ക്ക് ഫോഴ്സ് രൂപീകരണം, പള്‍സ് ഓക്സിമീറ്ററുകള്‍, കോവിഡ് ചികിത്സയ്ക്ക് സഹായകമാകുന്ന ആശുപത്രി ഉപകരണങ്ങളുടെ വിതരണം, ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി ടിവി, മൊബൈല്‍ ഫോണ്‍ വിതരണം എന്നിവ നടപ്പിലാക്കുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്നത് ഏറെ ചാരുതാര്‍ത്ഥ്യം നിറഞ്ഞ കാര്യമാണ്.
സാമൂഹ്യ സേവനമെന്നാല്‍ കാരുണ്യത്തില്‍ അധിഷ്ഠിതമായ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിവില്‍ നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതിയും കാരുണ്യദീപം വിദ്യാഭ്യാസ ചികിത്സാ സഹായ പദ്ധതിയും നടപ്പിലാക്കാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് ആശയവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കിയത് പിതാവാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രളയദുരിതം നേരിട്ട അതിരൂപത അംഗങ്ങള്‍ക്കും കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ പിതാവിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ലാന്റ് ടു ലാന്റ് ലെസ് പദ്ധതി ആവിഷ്‌ക്കരിക്കുകയും പദ്ധതിയുടെ ഭാഗമായി കോട്ടയം, ഇടുക്കി ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്ക് സൗജന്യമായി സ്ഥലം ലഭ്യമാക്കുകയും കൂടാതെ ഭവന നിര്‍മ്മാണത്തിന് സാമ്പത്തിക സഹായവും ലഭ്യമാക്കി.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഊര്‍ജ്ജ സംരംക്ഷണ പ്രവര്‍ത്തനങ്ങളിലും സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്ന പിതാവ് അതിരൂപത സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യാപനം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയും പ്രസ്തുത നിര്‍ദ്ദേശത്തിന്റെ ഭാഗമായി സോളാര്‍ റാന്തല്‍ വിളക്കുകളുടെ വിതരണം, മഴവെള്ള സംഭരണികളുടെ നിര്‍മ്മാണം, ജല സ്രോതസുകളുടെ പുനരുദ്ധാരണം, ബയോഗ്യാസ് പ്ലാന്റുകളുടെ നിര്‍മ്മാണം എന്നിവ നടപ്പിലാക്കുവാന്‍ സാധിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നാല്‍പ്പത് കിലോ വാട്ടിന്റെ മാതൃകാ സോളാര്‍ പവര്‍ പ്ലാന്റ് യൂണിറ്റും സ്ഥാപിക്കുവാന്‍ അഭിവന്ദ്യ പിതാവിന്റെ പ്രത്യേകമായ താല്‍പ്പര്യത്തിലൂടെ സാധിച്ചു.
വിവിധ ദിനാചരണങ്ങളിലൂടെ സാമൂഹ്യ പ്രവര്‍ത്തനമേഖലയെയും സോഷ്യല്‍ സര്‍വ്വീസ് വിഭാഗങ്ങളെയും ചലിപ്പിച്ച് നിര്‍ത്തുവാന്‍ അഭിവന്ദ്യ പിതാവ് എപ്പോഴും ശ്രദ്ധിച്ച് പോന്നിരുന്നു. വനിതാ ദിനാചരണം, ഭൗമദിനാചരപണം, തൊഴിലാളി ദിനാചരണം, മാതൃദിനാചരണം, പരിസ്ഥിതി ദിനാചരണം, സ്വാതന്ത്ര്യ ദിനാചരണം, കര്‍ഷക ദിനാചരണം, വയോജന ദിനാചരണം, വിധവാ ദിനാചരണം, ഭിന്നശേഷി ദിനാചരണം, ഹെലന്‍ കെല്ലര്‍ ദിനാചരണം തുടങ്ങിയവ ആ നിണ്ട നിരയില്‍പ്പെട്ടവയാണ്.
സംഘര്‍ഷ ഭരിതമായ ഈ ലോകത്ത് മാനസ്സിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുവാനും പ്രകൃതിഭംഗി ആസ്വദിക്കുവാനും വിജ്ഞാന കൗതുക കാഴ്ച്ചകള്‍ നുകരുവാനും എല്ലാവര്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ പിതാവിന്റെ മെത്രാഭിഷേക ജൂബിലി വര്‍ഷത്തില്‍ പിതാവിന്റെ ആശിര്‍വാദത്തോടും അനുഗ്രഹത്തോടും കൂടി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ കോമ്പൗണ്ടില്‍ ചൈതന്യ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിച്ചുവെന്നത് ഏറെ ചാരുതാര്‍ത്ഥ്യം നിറഞ്ഞ കാര്യമാണ്. കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍, മുതിര്‍ന്നവരിലും കുട്ടികളിലും ആരോഗ്യ പൂര്‍ണ്ണമായ ജീവിത ശൈലി പ്രോത്സാഹനത്തിന് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഹെല്‍ത്ത് ഫിറ്റ്നസ് സെന്റര്‍, കാര്‍ഷിക സംസ്‌ക്കാരത്തിന്റെ മഹത്വവും പൗരാണിക തനിമയും പുതുതലമുറയെ പരിചയപ്പെടുത്തുന്ന കാര്‍ഷിക മ്യൂസിയം, വിവിധ നാളുകളെ പ്രതിനിധാനം ചെയ്യുന്ന നക്ഷത്രവനം, സ്റ്റാച്ച്യു പാര്‍ക്ക്, അക്വേറിയം, ചൈതന്യ ഫുഡ് സോണ്‍, പക്ഷിമൃഗാദികളുടെ പ്രദര്‍ശനം, കാര്‍ഷിക നേഴ്സറി, മത്സ്യക്കുളം, ഫോട്ടോ ഷൂട്ട് സൗകര്യം എന്നിവ പാര്‍ക്കിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ മുന്‍പേ പറക്കുന്ന പക്ഷിയായി മാറുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കഴിയുന്നത് പിതാവിന്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ദര്‍ശനങ്ങളിലൂടെയും ശക്തമായ നേതൃത്വത്തിലൂടെയുമാണ്. സന്ന്യാസത്തെ കൈമുതലാക്കി ലളിത ജീവിത ശൈലി പിന്തുടരുന്ന അഭിവന്ദ്യ പിതാവ് എല്ലാവരെയും ഉള്‍ച്ചേര്‍ത്തുകൊണ്ടുപോകുന്ന ശൈലിയും മാതൃകയുമാണ് നമുക്ക് പകര്‍ന്ന് നല്‍കുന്നത്. പിന്നോക്കവസ്ഥയിലുള്ളവരുടെ മുഖ്യധാരാവത്ക്കരണമാണ് തന്റെ സാമൂഹ്യ സേവനത്തിന്റെ പ്രധാന ദര്‍ശനമായി അഭിവന്ദ്യ പിതാവ് സ്വീകരിച്ചിരിക്കുന്നത്. ആത്മീയ അജപാല ശുശ്രൂഷകള്‍ക്കൊപ്പം സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും തന്റെ ദൗത്യമാണെന്ന തിരിച്ചറിവിലാണ് പിതാവ് ഇത്തരം കാര്യങ്ങള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നേതൃത്വവും നല്‍കുന്നത്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം അഭിവന്ദ്യ പിതാവിന്റെ മെത്രാഭിഷേക സില്‍വ്വര്‍ ജൂബിലി ഏറെ സന്തോഷദായകമാണ്. കെ.എസ്.എസ്.എസ് അമരക്കരനായ അഭിവന്ദ്യ പിതാവിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്ക് കരുതലും കൈത്താങ്ങുമായി മാറുവാന്‍ സാധിച്ചുവെന്നത് ഏറെ മഹനിയമായ കാര്യമായി കാണുന്നു. ജൂബിലിയോടനുബന്ധിച്ച് അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ കാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കും. മെത്രാഭിഷേക ജൂബിലി നിറവില്‍ നില്‍ക്കുന്ന പിതാവിന് എല്ലാവിധ നന്മകളും ഭാവുകങ്ങളും സ്നേഹപൂര്‍വ്വം നേരുന്നു. തുടരട്ടെ നന്മയുടെയും കാരുണ്യത്തിന്റെയും കരുതലിന്റെയും സാമൂഹ്യ സേവനത്തിന്റെയും ഇത്തരം നല്ല പാഠങ്ങള്‍…
ഫാ. സുനില്‍ പെരുമാനൂര്‍
(ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി)