കാരുണ്യം നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നിര്യാതനായ അതിരൂപതയിലെ ഉഴവൂര്‍ ഇടവകാംഗമായ ബഹു. വെട്ടുകല്ലേല്‍ മത്തായി അച്ചന്റെ സാമ്പത്തിക സഹായത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഫാ. മാത്തായി വെട്ടുകല്ലേല്‍ മെമ്മോറിയല്‍ കാരുണ്യദീപം വിദ്യാഭ്യാസ ചികിത്സാ സുസ്ഥിര സഹായ പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരോട് എപ്പോഴും കരുണാര്‍ദ്രമായ സമീപനമാണ് ബഹു. വെട്ടുകല്ലേല്‍ മത്തായി അച്ചന്‍ പുലര്‍ത്തിയിരുന്നതെന്നും കാരുണ്യദീപം പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ സുനില്‍ പെരുമാനൂര്‍, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ & കാരുണ്യദീപം പദ്ധതി കമ്മറ്റി മെമ്പര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ ബാബു പറമ്പേടത്ത്മലയില്‍, സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി കോട്ടയം അതിരൂപത പ്രസിഡന്റ് ടോമി നന്ദികുന്നേല്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ സിബി ജെയിംസ് ഐക്കരതുണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ പ്രതിനിധി റവ. ഡോ. സിസ്റ്റര്‍ ലത എസ്.വി.എം, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ പ്രതിനിധി റവ. സിസ്റ്റര്‍ റോസി എസ്.ജെ.സി, കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധി റവ. സിസ്റ്റര്‍ ജോളി കുര്യന്‍, വെട്ടുകല്ലേല്‍ ഫാമിലി പ്രതിനിധി സാബു വെട്ടുകല്ലേല്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി അതിരൂപത അംഗങ്ങളായ തെരഞ്ഞെടുക്കപ്പെട്ട മുപ്പത് പേര്‍ക്ക് വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായി പ്രതിമാസം 2500 രൂപാ വീതം അഞ്ച് വര്‍ഷത്തേയ്ക്ക് സഹായം ലഭ്യമാക്കുന്നതാണ്.