To establish a just society where all enjoy equality, fraternity, peace and happiness
KSSS
Kottayam Social Service Society
Home > News >

കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി ചൈതന്യ കാര്‍ഷിക മേളയില്‍ വിളപ്രദര്‍ശന പവിലിയന്‍

November 22, 2022
കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി ചൈതന്യ കാര്‍ഷിക മേളയില്‍ വിളപ്രദര്‍ശന പവിലിയന്‍

കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരവുമായി കാര്‍ഷികവിള പ്രദര്‍ശന പവിലിയന്‍ ഒരുക്കിയിരിക്കുന്നു. തെള്ളകം ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിളപ്രദര്‍ശന പവിലിയന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, കോട്ടയം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് നിര്‍മ്മല ജിമ്മി, കോട്ടയം ജില്ലാ കളക്ടറും കാര്‍ഷികമേള രക്ഷാധികാരിയുമായ ഡോ. പി.കെ ജയശ്രീ ഐ.എ.എസ്, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, അഡ്വ. വി.ബി ബിനു, കര്‍ഷക പ്രതിനിധികള്‍, കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈവിധ്യങ്ങളായ കാര്‍ഷിക വിളകളുടെ വിപുലമായ ശേഖരമാണ് വിളപ്രദര്‍ശന പവിലിയനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുള്ളത്.
കാര്‍ഷിക മേളയുടെ ഉദ്ഘാടന ദിവസമായ നവംബര്‍ 22-ാം തീയതി ചൊവ്വാഴ്ച സര്‍ഗ്ഗ സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് പതാക ഉയര്‍ത്തല്‍ നടത്തപ്പെടും. തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ചിത്രരചന മത്സരവും നടത്തപ്പെടും. 12 മണിയ്ക്ക് ജൈവ കൃഷിയിലൂടെ ഭക്ഷ്യസമൃദ്ധിയിലേയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രം അസ്സി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് നേതൃത്വം നല്‍കും. 12.30 ന് മീന്‍ പിടുത്ത മത്സരവും 1 മണിയ്ക്ക് സിബിആര്‍ മേഖല കലാപരിപാടികളും 2 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. മേളയുടെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ സാംസ്‌ക്കാരിക സിനിമാ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. തോമസ് ചാഴികാടന്‍ എം.പിയും ആന്റോ ആന്റണി എം.പിയും മുഖ്യാതിഥികളായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ ഐ.എ.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കാരിത്താസ് ഇന്‍ഡ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. പോള്‍ മൂഞ്ഞേലി, കോട്ടയം അതിരൂപത പ്രൊക്കുറേറ്റര്‍ റവ. ഫാ. അലക്‌സ് ആക്കപ്പറമ്പില്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രകള്‍ച്ചര്‍ ഓഫീസര്‍ ഗീത വര്‍ഗ്ഗീസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ്സ്് ജനറല്‍ റവ. സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേക്കണ്ടംകരിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 5 മണിയ്ക്ക് മലര്‍വാടി നാടോടി നൃത്ത മത്സരവും 6 മണിയ്ക്ക് തൊമ്മനും മക്കളും വടംവലികൂട്ടായ്മയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന വടംവലി മാമാങ്കവും നടത്തപ്പെടും. 6.45 ന് വൈക്കം മാളവിക അവതരിപ്പിക്കുന്ന നാടകം ‘മഞ്ഞ് പെയ്യുന്ന മനസ്സ്’ അരങ്ങേറും.
ആറ് ദിനങ്ങളിലായി നടത്തപ്പെടുന്ന മേളയോടനുബന്ധിച്ച് നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍, അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ചുകൊണ്ടുള്ള മെഡിക്കല്‍ എക്‌സിബിഷന്‍, നേത്രപരിശോധന ക്യാമ്പ്, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, പനങ്കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായുള്ള പൗരാണിക ഭോജന ശാല, നാടന്‍ രുചിവിഭവങ്ങള്‍ പങ്കുവയ്ക്കുന്ന തട്ടുകട, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസ പ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധയിനം വിത്തിനങ്ങളുടെയും പുഷ്പ ഫല വൃക്ഷാദികളുടെയും പ്രദര്‍ശനവും വിപണനവും, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, മുറ-ജാഫര്‍വാദി ഇനത്തില്‍പ്പെട്ട പോത്ത് രാജക്കന്മാരായ സുല്‍ത്താന്റെയും മാണിക്യന്റെയും പ്രദര്‍ശനം, പക്ഷി മൃഗാദികളുടെ പ്രദര്‍ശനവും വിപണനവും തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിപുലമായ ക്രമീകരണങ്ങളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.

Video
events
publications
donate
KSSS
Kottayam Social Service Society
Contacts

KSSS,Thellakom P.O, Kottayam – 686630

Director Phone Number - 9495538063

Telephone: 0481 2790948, Office: 9400331281

Follow Us: