കാര്‍ഷിക സമൃദ്ധിയുടെയും സ്വാശ്രയസംഘ കൂട്ടായ്മയുടെയും വേദിയായി ചൈതന്യ അഗ്രി എക്‌സ്‌പോ
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 22-ാമത് ചൈതന്യ അഗ്രി എക്‌സ്‌പോ കാര്‍ഷിക സമൃദ്ധിയുടെയും സ്വാശ്രയസംഘ കൂട്ടായ്മയുടെയും വേദിയായി. നാല് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ നിരവധി ആളുകളാണ് സന്ദര്‍ശകരായി എത്തുന്നത്. വ്യത്യസ്തവും പുതുമനിറഞ്ഞതുമായ നിരവധി ക്രമീകരണങ്ങളോടെയാണ് മേള അണിയിച്ചൊരുക്കിയിരിക്കുന്നത്. മേളയുടെ മൂന്നാം ദിനത്തില്‍ നടത്തപ്പെട്ട ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് മേഘ മാത്യു വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസ്സി. ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെന്നി വില്യം, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി പി.സി ജോസഫ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഏറ്റവും മികച്ച സ്വയം സഹായ സംഘത്തിന് ലഭ്യമാക്കുന്ന പുരസ്‌ക്കാരം കടുത്തുരുത്തി ബ്രദേഴ്‌സ് സൗഹൃദവേദിക്ക് ജോസ് കെ. മാണി എം.പി സമ്മാനിച്ചു. വനിതകള്‍ക്കായി നടത്തിയ താറാവ് പിടുത്ത മത്സരത്തില്‍ ഇടയ്ക്കാട്ട് മേഖലയില്‍ നിന്നുള്ള ഗീതാ രാജു, കിടങ്ങൂര്‍ മേഖലയില്‍ നിന്നുള്ള ശരണ്യ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും സമാപനദിനമായ ഇന്ന് രാവിലെ 11.15 ന് കിടങ്ങൂര്‍ മേഖല കലാപരിപാടികള്‍ നടത്തപ്പെടും. 11.45 ന് ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ ജൈവകൃഷി സമ്പ്രദായം ഇന്നിന്റെ ആവശ്യകത എന്ന വിഷയത്തില്‍ കോട്ടയം കെ.വി.കെ സോയില്‍ സയന്‍സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബിന്ദു പി.എസ് സെമിനാര്‍ നയിക്കും. 1 മണിക്ക് പുരുഷന്മാര്‍ക്കായി തേങ്ങാ ചിരണ്ടല്‍ മത്സരവും 1.15 ന് മലങ്കര മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ സമാപന സമ്മേളനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ വെരി. റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശം നല്‍കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യതിഥിയായും കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.ജെ ജയശ്രീ ഐ.എ.എസ് വിശിഷ്ടാതിഥിയായും പങ്കെടുക്കും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ജേക്കബ് മാവുങ്കല്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് ടോജോ എം. തോമസ്, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോസിലി പാലാട്ടി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍, കോട്ടയം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മല്ലികാ കെ.എസ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി.സി റോയി, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. 4.30 ന് തപ്പുംതകിലും സിനിമാറ്റിക് ഡാന്‍സ് മത്സരവും 6 ന് ചലച്ചിത ടിവി താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോയും 8.00 ന് കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പും നടത്തപ്പെടും.