ഒക്ടോബര്‍ 14 ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. അന്ധത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും കാഴ്ച ന്യൂനതകള്‍ ഉള്ളവരെ കരുതുവാനും സഹായ ഹസ്തമൊരുക്കുവാനും കഴിയണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണിന്റെ വെളിച്ചത്തിലൂടെ ലോകത്തിന്റെ നന്മകള്‍ കാണുന്നതൊടൊപ്പം കാഴ്ച പരിമിധിയുള്ളവരെ നേത്രദാനം ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ കരുതുവാനും കഴിയണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.സി റോയി, ഷൈനി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിന് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി നേതൃത്വം നല്‍കി. അന്ധത, കാഴ്ച വൈകല്യങ്ങള്‍ എന്നിവയില്‍ സാമൂഹ്യ ശ്രദ്ധ പതിപ്പിക്കുന്നതൊടൊപ്പം സാധ്യമാകുന്ന അന്ധതാ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് ദിനാചരണം സംഘടിപ്പിച്ചത്.