സ്‌നേഹത്തിന്റെ സ്വാന്തന സ്പര്‍ശത്തിലൂടെ സഹമനുഷ്യര്‍ക്ക് നന്മ ഒരുക്കുവാന്‍ കുടുംബ ശാക്തീകരണ പദ്ധതി വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സോവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബ ശാക്തീകരണ പദ്ധതിയിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ സംഗമത്തിന്റെയും പരിശീലന പരിപാടിയുടെയും ഉദ്ഘാടന കര്‍മ്മം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നോക്കാസ്ഥയിലുള്ള കുടുംബങ്ങളുടെ വളര്‍ച്ചയ്ക്ക് അവസരം ഒരുക്കുന്നതിലൂടെ സാമൂഹിക പുരോഗതിയ്ക്കാണ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച സാധ്യമാകുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, അതിരുമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി ആറ് വര്‍ഷത്തേയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കി പ്രസ്തുത കുടുംബങ്ങളുടെ സമഗ്രവളര്‍ച്ച സാധ്യമാകത്തക്കവിധത്തിലാണ് കെ.എസ്.എസ്.എസ് കുടുംബ ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട പരിശീലന പരിപാടിയ്ക്ക് കെ.എസ്.എസ്.എസ് സേവ് എ ഫാമിലി പ്ലാന്‍ ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു നേതൃത്വം നല്‍കി.