കെ.എസ്.എസ്.എസ് വയോജനദിനാഘോഷം
സംഘടിപ്പിച്ചു
കോട്ടയം: അന്താരാഷ്ട്ര വയോജനദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന ദിനാഘോഷം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ദിനാഘോഷത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. വയോജനങ്ങള്‍ ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും നിധികുംഭങ്ങളാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുതുതലമുറയ്ക്ക് ഊര്‍ജ്ജം പകരുവാനും സാമൂഹ്യ പുരോഗതിയില്‍ പങ്കാളികളാകുവാനും വയോജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വയോജന ക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടോജോ എം. തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസിന്റെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വയോജന പ്രതിനിധികളെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. കിടങ്ങൂര്‍ മേഖലയില്‍ നിന്നുമുള്ള പെണ്ണമ്മ ഫിലിപ്പ്, ഉഴവൂര്‍ മേഖലയില്‍ നിന്നുമുള്ള മറിയക്കുട്ടി കുര്യന്‍, കൈപ്പുഴ മേഖലയില്‍ നിന്നുമുള്ള അച്ചാമ്മ സൈമണ്‍, ഇടയ്ക്കാട്ട് മേഖലയില്‍ നിന്നുമുള്ള എന്‍.യു തോമസ്, കടുത്തുരുത്തി മേഖലയില്‍ നിന്നുമുള്ള പെണ്ണമ്മ തോമസ് എന്നിവരെയാണ് ആദരിച്ചത്. ദിനാചരണത്തോടനുബന്ധിച്ച് വയോജനങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തപ്പെട്ടു.