കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 202223 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധങ്ങളായ സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ഗ്ഗരേഖ പ്രകാശന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കിയുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീശാക്തീകരണ രംഗത്തും മറ്റ് സാമൂഹിക ഇടപെടിലുകള്‍ ആവശ്യമായ എല്ലാ രംഗങ്ങളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സൊസൈറ്റി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രളയ കോവിഡ് മഹാമാരികളുടെ സാഹചര്യത്തിലും അടിയന്തിര ഇടപെടീലുകള്‍ നടത്തി അനേകര്‍ക്ക് സഹായ ഹസ്തമൊരുക്കുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സ്വാശ്രയത്വത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തന ശൈലിയിലൂടെ സമഗ്ര വികസന കാഴ്ച്ചപാടുകള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുവാനും കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവണ്‍മെന്റ് ചീഫ്‌വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ജോസ് കെ. മാണി എം.പി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസ്സിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ഏറ്റുമൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് തോമസ് കോട്ടൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, ഉഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് പ്രതിരോധം, ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കുടുംബ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യസുരക്ഷ, ജീവനോപാധി പുനസ്ഥാപനം, കൃഷി പ്രോത്സാഹനം, സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികള്‍, മൈക്രോ ക്രെഡിറ്റ് ലോണ്‍ തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കര്‍മ്മ പദ്ധതികളാണ് കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കന്നത്.