കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28 മുതല്‍ 31 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസറ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 22-ാമത് സ്വാശ്രസംഘ മഹോത്സവത്തിന്റെയും ചൈതന്യ അഗ്രി എക്‌സ്‌പോയുടെയും ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലുള്ള കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ വാര്‍ഷിക കൂടിവരവിന് അവസരം ഒരുക്കുന്നതൊടൊപ്പം പൊതുസമൂഹത്തിന് വിജ്ഞാനവും വിനോദവും പകരുന്ന വിവിധങ്ങളായ ക്രമീകരണങ്ങളോടെയാണ് സ്വാശ്രയസംഘ മഹോത്സവവും ചൈതന്യ അഗ്രി എക്‌സ്‌പോയും അണിയിച്ചൊരുക്കുന്നത്. നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മഹോത്സവത്തില്‍ വിനോദവും വിജ്ഞാനവും കൗതുകവും സമ്മാനിക്കുന്ന പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ പോത്തുകളിലൊന്നായ കമാന്റോയുടെ പ്രദര്‍ശനം, കാര്‍ഷിക വിളകളുടെ പ്രദര്‍ശനം, സ്വാശ്രയസംഘ കലാപരിപാടികള്‍, കാര്‍ഷിക മത്സരങ്ങള്‍, വിജ്ഞാനദായക സെമിനാറുകളും എക്‌സിബിഷനുകളും, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, വിവിധങ്ങളായ വിസ്മയക്കാഴ്ചകള്‍, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, ശ്വാന പ്രദര്‍ശനം, ഒറ്റമൂലി നാട്ടുമരുന്നുകളുടെ പ്രദര്‍ശനവും വിപണനവും, കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണം, മെഡിക്കല്‍ ക്യാമ്പുകള്‍, പൗരാണിക ഭോജനശാല, ചക്ക മഹോത്സവം, സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ ഉദ്ഘാടനം, മാതൃകാ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ്, മത സാമൂഹ്യ രാഷ്ട്രിയ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലാസം പ്രദാനം ചെയ്യുന്ന ഉല്ലാസനഗരി തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.