കോട്ടയം: കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട അതിഥി തൊഴിലാളികള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത നിവാരണ ലഘൂകരണ പദ്ധതിയുടെ ഭാഗമായിട്ടാണ് അതിഥി തൊഴിലാളികള്‍ക്ക് കെ.എസ്.എസ്.എസ് സഹായ ഹസ്തമൊരുക്കുന്നത്. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 225 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്യും. കിറ്റുകളുടെ കേന്ദ്രതല വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സിസ്റ്റര്‍ ആന്‍സിലിന്‍ എസ്.വി.എം., കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസില്‍, നവജീവന്‍ ദുരന്തനിവാരണ പദ്ധതി കോര്‍ഡിനേറ്റര്‍ അലന്‍സ് റോസ് സണ്ണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാസ്‌ക്കുകള്‍, സാനിറ്റൈസര്‍, കുളിസോപ്പ്, അലക്ക് സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവ അടങ്ങുന്ന പ്രതിരോധ കിറ്റുകളാണ് അതിഥി തൊഴിലാളികള്‍ക്കായി ലഭ്യമാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി കിറ്റുകള്‍ ലഭ്യമാക്കും.