കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. കോവിഡ് വ്യാപനത്തിന്റെ അതിതീവ്രമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്ന കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം ആലപ്പുഴ ജില്ലകളിലെ 200 ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്കായി അരി, പഞ്ചസാര, ഗോതമ്പ് പൊടി, റവ, കടല, ചെറുപയര്‍, കടുക്, മുളക് പൊടി, മല്ലിപ്പൊടി, കുക്കിംഗ് ഓയില്‍, ചായപ്പൊടി എന്നിവ അടങ്ങുന്ന കിറ്റുകളാണ് ലഭ്യമാക്കിയത്.