ഫെബ്രുവരി 4 ലോക ക്യാന്‍സര്‍ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ദിനാചരവും ചികിത്സാ സഹായ വിതരണവും നടത്തപ്പെട്ടു. തെള്ളകം, ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ചികിത്സാ സഹായ വിതരണത്തിന്റെയും ഉദ്ഘാടന കര്‍മ്മം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ന്മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചാരണത്തോടനുബന്ധിച്ച് അറുപത്തിയഞ്ച് പേര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കി. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ക്യാന്‍സര്‍ ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്ന ആശാകിരണം ക്യാന്‍സര്‍ സുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദിനാചരണത്തില്‍ കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലാകളില്‍ നിന്നായുള്ള സന്നദ്ധ പ്രവര്‍ത്തകരും വോളണ്ടിയേഴ്‌സും പങ്കെടുത്തു.