കോട്ടയം: കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തയ്ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറുകിട വരുമാന പദ്ധതികള്‍ ചെയ്യുന്നതിനായി ധനസഹായം വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. സ്വാശ്രയസംഘങ്ങള്‍ വഴി നടപ്പിലാക്കുന്ന ചെറുകിട വരുമാന സംരംഭകത്വ പദ്ധതികള്‍ സാമ്പത്തിക ഭദ്രതയ്ക്ക് അവസരം ഒരുക്കുന്നതോടൊപ്പം നാടിന്റെ സമഗ്ര വികസനത്തിനും വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വരുമാന സംരഭകത്വ പ്രവര്‍ത്തിനങ്ങളിലൂടെ സാധാരണക്കാരായ ആളുകള്‍ക്ക് സാമ്പത്തിക സുരക്ഷയോടൊപ്പം മെച്ചപ്പെട്ട ജീവിത സാഹചര്യവും ഒരുക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ കോര്‍ഡിനേറ്റര്‍ ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ സ്വയംതൊഴില്‍ സംരംഭകത്വ പദ്ധതികള്‍ ചെയ്യുന്നതിനായി 50 കുടുംബങ്ങള്‍ക്ക് 25000 രൂപാ വീതമാണ് ധനസഹായം ലഭ്യമാക്കിയത്.