കോട്ടയം: ചെറുകിട വരുമാന സംരംഭകത്വ പദ്ധതികള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുകെ ആസ്ഥാനമായുള്ള ബെനിവിറ്റി കോസസ്സ് പോര്‍ട്ടലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജനകീയ ആട് വളര്‍ത്തല്‍ പദ്ധതിയുടെ ധനസഹായ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിലൂടെ സാഹോദര്യത്തിന്റെയും വിശ്വമാനവികതയുടെയും മഹത്തായ സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപവരുമാന പദ്ധതികളിലൂടെ അതിജീവനത്തിന്റെ പുതിയ മാതൃകകള്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട് അമ്പത് കുടുംബങ്ങള്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധനസഹായം ലഭ്യമാക്കിയത്.