കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷിക മേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ലോഗോ പ്രകാശനം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയാണ് ലോഗോയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. നവംബര്‍ 21 മുതല്‍ 27 വരെ തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്ന മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, ആരോഗ്യം, ഭക്ഷ്യ സുരക്ഷ, മൃഗ സംരക്ഷണം, വിനോദം, വിജ്ഞാനം, ജീവകാരുണ്യം തുടങ്ങിയ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.