നവംബര്‍ 20 മുതല്‍ 26 വരെ തീയതികളില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 24-ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ട പ്രദര്‍ശന വിപണന സ്റ്റാളുകളുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പന്തല്‍ കാല്‍നാട്ട് കര്‍മ്മം തോമസ് ചാഴികാടന്‍ എം.പിയും കോട്ടയം അതിരൂപത സഹായമെത്രന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേമും സംയുക്തമായി നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടറും ചൈതന്യ കാര്‍ഷികമേള ജനറല്‍ കണ്‍വീനറുമായ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു മണക്കാട്ട്, കോട്ടയം അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, കെ.എസ്.എസ്.എസ് ചൈതന്യ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഏഴ് ദിനങ്ങളിലായി നടത്തപ്പെടുന്ന കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസ പ്രദമായ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന ആടുകളുടെ പ്രദര്‍ശനം, വലുപ്പമേറിയ പോത്തിന്റെ പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, സ്വാശ്രയസംഘ കലാവിരുന്നുകള്‍, സംസ്ഥാനതല അവാര്‍ഡ് സമര്‍പ്പണം, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, നിര്‍ദ്ദന രോഗി ചികിത്സാ സഹായ പദ്ധതി തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങാണ് ഒരുക്കിയിരിക്കുന്നത്.