മാര്‍ച്ച് 22 അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് കരുതാം ജലം ഇന്നേയ്ക്കും നാളേയ്ക്കുമായി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള സ്വാശ്രയസന്നദ്ധ പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ജലസംരക്ഷണ അവബോധം എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.