ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നിര്‍വ്വഹണ
സഹായ ഏജന്‍സി നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് സംസ്ഥാന സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പദ്ധതി നിര്‍വ്വഹണ സഹായ ഏജന്‍സി (ഐ.എസ്.എ) കളുടെ നേതൃസംഗമം സംഘടിപ്പിച്ചു. കോട്ടയം ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ്.എ പ്രതിനിധികളുടെ നേതൃസംഗമത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ഐ.എസ്.എ പ്ലാറ്റ് ഫോം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ടി.കെ തുളസീധരന്‍ പിള്ള ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.എ പ്ലാറ്റ് ഫോം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡാന്റീസ് കൂനാനിയ്ക്കല്‍ വിഷയാവതരണം നടത്തി. കെ.എസ്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഐ.എസ്.എ ഭാരവാഹികളായ പി.കെ കുമാരന്‍, പീറ്റര്‍ തെറ്റയില്‍, ജോസ് പുതുപ്പള്ളി, പി.ജെ വര്‍ക്കി, ജോതിമോള്‍ വി.എല്‍ എന്നിവര്‍ പ്രസംഗിച്ചു. നേതൃസംഗമത്തോടൊനുബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശകലനവും തുടര്‍പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തപ്പെട്ടു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, ജവഹര്‍ലാല്‍ മെമ്മോറിയല്‍ സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ തലയോലപറമ്പ്, അന്ത്യോദയ അങ്കമാലി, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സോളിഡാരിറ്റി മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ കഞ്ഞിക്കുഴി, ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ് ഏറ്റുമാനൂര്‍, സൊസൈറ്റി ഫോര്‍ ഓറിയന്റേഷന്‍ ആന്റ് റൂറല്‍ ഡെവലപ്പ്‌മെന്റ് ഇടുക്കി, സോളിഡാരിറ്റി മൂവ്‌മെന്റ് ഓഫ് ഇന്‍ഡ്യ കഞ്ഞിക്കുഴി, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ വെള്ളയമ്പലം, രാജിവ് യൂത്ത് ഫൗണ്ടേഷന്‍ മലപ്പുറം, യൂത്ത് സോഷ്യല്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ കോതമംഗലം എന്നീ സംഘടനകളിലെ പ്രതിനിധികളാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്. മീറ്റിംഗിനോടനുബന്ധിച്ച് ഐ.എസ്.എ പ്ലാറ്റ്‌ഫോം കോട്ടയം ജില്ലാതല ഭാരവാഹികളായി ഡാന്റീസ് കൂനാനിയ്ക്കല്‍ (ചെയര്‍മാന്‍) പി.ജെ വര്‍ക്കി (വൈസ് ചെയര്‍മാന്‍) പി.കെ കുമാരന്‍ (സെക്രട്ടറി), ജോസ് പുതുപ്പള്ളി (ജോയിന്റ് സെക്രട്ടറി), ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തിന്റെ തുടര്‍ച്ചയായി ജനുവരി 20-ാം തീയതി വ്യാഴാഴ്ച കോട്ടയം തെള്ളകം ചൈതന്യയില്‍ ഐ.എസ്.എ പ്രതിനിധികള്‍ക്കായി ജില്ലാതല ഏകദിന ശില്പശാലയും നടത്തപ്പെടും.