കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി 20 വനിതകള്‍ക്ക് തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ശുഭാപ്തി വിശ്വാസവും അര്‍പ്പണമനോഭാവവും ചെറുകിട തൊഴില്‍ മേഖലകളില്‍ മികച്ച മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. തയ്യല്‍ യൂണിറ്റ് പോലുള്ള ഉപവരുമാന പദ്ധതികളിലൂടെ സാമ്പത്തിക പുരോഗതിയും മെച്ചപ്പെട്ട ജീവിത സാഹചര്യവും നേടിയെടുക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചാത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി മുന്‍ ചെയര്‍പേഴ്‌സണും കൗണ്‍സിലറുമായ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി. സി റോയി, സിസ്റ്റര്‍ ഷീബ എസ്.വി.എം, സിസ്റ്റര്‍ ആന്‍സലിന്‍ എസ്.വി.എം, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. തയ്യല്‍ ജോലികള്‍ എളുപ്പത്തില്‍ ചെയ്യുവാന്‍ സാധിക്കുന്ന ഉഷ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകളാണ് വിതരണം ചെയ്തത്. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇടയ്ക്കാട്ട്, കൈപ്പുഴ, മലങ്കര, കടുത്തുരുത്തി എന്നീ മേഖലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 20 വനിതകള്‍ക്കാണ് മെഷീനുകള്‍ ലഭ്യമാക്കിയത്.