സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച തയ്യല്‍ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന് കുരിക്കിലേട്ട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ സന്നദ്ധ പ്രതിനിധികള്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ മിനി ജോണ്സണ് പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്കി.