വരുമാന സാധ്യതകള്‍ തുറന്ന് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സ്വയം വളരുവാനും അതിലൂടെ നാടിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുവാനും സാധിക്കുമെന്ന് കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്. സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുന്ന തയ്യല്‍ മെഷീന്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുന്നതിനായി കെ.എസ്.എസ്.എസ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിക്കാഗോ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ചര്‍ച്ച് വികാരി റവ. ഫാ. അബ്രഹാം മുത്തോലത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍, കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട നൂറ്റി ഇരുപത് ഗുണഭോക്താക്കള്‍ക്കാണ് ഉഷാ കമ്പനിയുടെ മോട്ടറോടുകൂടിയ തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ ലഭ്യമാക്കിയത്.