* നവജീവന്‍ ദുരന്ത നിവാരണ ലഘൂകരണ പദ്ധതി എമര്‍ജന്‍സി കിറ്റുകള്‍ വിതരണം ചെയ്തു
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലൂടെ കാരുണ്യത്തിന്റെ കരുതല്‍ സ്പര്‍ശം ഒരുക്കുവാന്‍ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ സാമൂഹ്യ സേവന വിഭാഗമായ കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍ ദുരന്ത നിവാരണ ലഘൂകരണ പദ്ധതിയുടെ ഭാഗമായി ഗ്രാമതല വോളണ്ടിയേഴ്‌സിന് ലഭ്യമാക്കുന്ന എമര്‍ജന്‍സി കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈത്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അടിക്കടിയുണ്ടാകുന്ന പ്രളയ മണ്ണിടിച്ചില്‍ ദുരന്തങ്ങളില്‍ ആളുകള്‍ക്ക് സഹായഹസ്തമൊരുക്കുവാനും അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുവാനും സുസജ്ജമായ ഗ്രാമതല സന്നദ്ധ സേവകരുടെ കൂട്ടായ്മയും ഏകോപനവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുവാന്‍ ഗ്രാമതല വോളണ്ടിയേഴ്‌സിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്നും അതിനായുള്ള പരിശീലനങ്ങളും സഹായക കിറ്റുകളും ലഭ്യമാക്കുന്നതിലൂടെ ദുരന്തങ്ങളുടെ ആഘാതത്തെ ലഘൂകരിക്കുവാനും സാധിക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്‍സി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രളയദുരന്ത ബാധിത മേഖലകളില്‍ സഹായ ഹസ്തമൊരുക്കുന്നതിനായുള്ള ലൈഫ് ജാക്കറ്റ്, ടോര്‍ച്ച്, ഫസ്റ്റ് എയിഡ് കിറ്റ്, റോപ്പ്, ബൂട്ട്, കൈയുറകള്‍, എമര്‍ജന്‍സി ബാഗ്, ദുരന്ത നിവാരണ കര്‍മ്മ രേഖ എന്നിവ അടങ്ങുന്ന കിറ്റുകളാണ് ഗ്രാമതല ദുരന്ത നിവാരണ കര്‍മ്മ സേനാ അംഗങ്ങള്‍ക്കായി ലഭ്യമാക്കിയത്.