* ഭിന്നശേഷിയുള്ളവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: നന്മകള്‍ സഹമനുഷ്യരുമായി പങ്കുവയ്ക്കുന്ന മനോഭാവം ഇന്നിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഭിന്നശേഷിയുള്ളയുള്ളവരുടെ സമഗ്രഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി സഹകരിച്ച് ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗത്തന് ആശ്വാസവും ആശ്രയവും നല്‍കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. റോസമ്മ സോണി, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. അരി, പഞ്ചസാര, ചെറുപയര്‍, കടല, ഗോതമ്പ് പൊടി, മല്ലിപ്പൊടി, മുളക് പൊടി, കുക്കിംഗ് ഓയില്‍, കുളി സോപ്പ്, അലക്ക് സോപ്പ്, മഞ്ഞള്‍പ്പൊടി, റവ എന്നിവ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തത്. ഭിന്നശേഷിയുള്ള വ്യക്തികളുള്ള 62 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.