കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. ശുശ്രൂഷയുടെയും സേവന സന്നദ്ധതയുടെയും കാവലാളുകളാകുവാന്‍ നേഴ്‌സുമാര്‍ക്ക് കഴിയണമെന്ന് അദ്ദേഹം ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു. സഹമനുഷ്യര്‍ക്ക് കാരുണ്യത്തിന്റെ കരുതല്‍ ഒരുക്കുന്ന ദൈവദത്തമായ പ്രവര്‍ത്തിയാണ് നേഴ്‌സിംഗ് ജോലിയിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ് ജനറലും കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ലിസി ജോണ്‍ മുടക്കോടില്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി എന്നിവര്‍ പ്രസംഗിച്ചു. പഠന ശിബിരത്തിന്റെ ഭാഗമായി സാമൂഹ്യ പ്രതിബന്ധതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ക്ലാസ് നടത്തപ്പെട്ടു. കൂടാതെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യ ക്ഷേമ കര്‍മ്മ പദ്ധതികളെക്കുറിച്ചും ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശിഷ്യ അന്ധബധിര വൈകല്യമുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പുനരധിവാസ പദ്ധതിയെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി ജെസ്സില്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി