പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വരുംതലമുറയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട.് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെയും മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങിന്റെയും ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്‌ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ വക്താക്കളായി മാറുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറച്ചുകൊണ്ട് മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളേയും സംരക്ഷിച്ചുപോരുന്ന മനോഭാവം ഒരുരുത്തരിലേയ്ക്കും പകര്‍ന്ന് നല്‍കുവാന്‍ പരിസ്ഥിതി ദിനാചരണങ്ങള്‍ വഴിയൊരുക്കുമെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് കേരള വനം വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്‌ക്കാരം 2022-2023 ന് അര്‍ഹനായ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ജോജോ ജോര്‍ജ്ജ് ആട്ടേലിനെ മാര്‍ മാത്യു മൂലക്കാട്ട് പൊന്നാടയും മൊമന്റോയും ഫലവൃക്ഷ തൈയും നല്‍കി ആദരിച്ചു. കൂടാതെ കെ.എസ്.എസ്.എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ പരിസ്ഥിതി പ്രവര്‍ത്തകരെയും ആദരിച്ചു. കിടങ്ങൂര്‍ മേഖലയില്‍ നിന്നുള്ള സ്റ്റീഫന്‍ ലൂക്കോസ്, ഉഴവൂര്‍ മേഖലയില്‍ നിന്നുള്ള ലൂയിസ് തോമസ്, ഇടയ്ക്കാട്ട് മേഖലയില്‍ നിന്നുള്ള പി.പി ജോര്‍ജ്ജ്, മലങ്കര മേഖലയില്‍ നിന്നുള്ള സുനി സണ്ണി, കടുത്തുരുത്തി മേഖലയില്‍ നിന്നുള്ള മേരിക്കുട്ടി ലൂക്ക, ചുങ്കം മേഖലയില്‍ നിന്നുള്ള മേരി ജോര്‍ജ്ജ്, കൈപ്പുഴ മേഖലയില്‍ നിന്നുള്ള ആനീസ് സ്റ്റീഫന്‍, ഭിന്നശേഷി മേഖലയില്‍ നിന്നുള്ള തോമസ് കൊറ്റോടം എന്നിവരെയാണ് ആദരിച്ചത്. കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടത്തപ്പെട്ടു. ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട സെമിനാറിന് മാന്നാനം കെ.ഇ കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. എലിസബത്ത് അലക്‌സാണ്ടര്‍ നേതൃത്വം നല്‍കി. ദിനാചരണത്തില്‍ പങ്കെടുത്തവര്‍ക്കായി ഫലവൃക്ഷതൈകളുടെ വിതരണവും ക്രമീകരിച്ചിരുന്നു.