പാല്‍, മുട്ട, മത്സ്യ മാംസ്യ പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുവാന്‍ കഴിയണമെന്ന് ക്ഷീര മൃഗ വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 23-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും അഞ്ചാം ദിനത്തിലെ സ്വാശ്രയ സംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനത്തിലൂടെ സ്വയം തൊഴിലും സ്വയം പര്യാപ്തതയും കൈവരിക്കുവാന്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തോടനുബന്ധിച്ച് മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് ഏര്‍പ്പെടുത്തിയ സംസ്ഥാനതല ക്ഷീരകര്‍ഷക അവാര്‍ഡ് വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി ചെമ്പഴ ലിയോ ജെയിംസിന് മന്ത്രി സമ്മാനിച്ചു. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് തമ്പി എരുമേലിക്കര, ചങ്ങനാശ്ശേരി തഹസില്‍ദാര്‍ ജോര്‍ജ്ജ് കുര്യന്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടണ്‍ ഫെര്‍ണ്ണാണ്ടസ്, കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. അഞ്ചാം ദിനത്തില്‍ ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങളും പുരുഷന്മാര്‍ക്കായി വെള്ളം നിറയ്ക്കല്‍ മത്സരവും താടീവാല മത്സരവും നടത്തപ്പെട്ടു. വൈകുന്നേരം ആലപ്പുഴ മാജിക്ക് വിഷന്‍ അവതരിപ്പിച്ച ഡ്രാമാറ്റിക് മാജിക്ക് മെഗാഷോ ‘മാജിക്ക് പാലസ്’ അരങ്ങേറി.
മേളയുടെ ആറാം ദിനം നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. രാവിലെ 11.45 ന് ചുങ്കം മേഖല കലാപരിപാടികളും 12.15 ന് കാര്‍ഷിക പ്രശ്‌നോത്തരിയും 1 മണിയ്ക്ക് ദമ്പതികള്‍ക്കായുള്ള കപ്പ പൊളിക്കല്‍ മത്സരവും 2 മണിയ്ക്ക് മലങ്കര മേഖല കലാപരിപാടികളും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന നൈപുണ്യ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് നിര്‍വ്വഹിക്കും. ജോസ് കെ. മാണി എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഫാ. ബിനു കുന്നത്ത്, തിരുവനന്തപുരം ജില്ലാ അസി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോജോ എം. തോമസ്, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷൈനി ഫിലിപ്പ്, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റോസിലി പാലാട്ടി, കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘം ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ഔസേപ്പ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.45 ന് തകിട തകധിമി ഫ്യൂഷന്‍ ഡാന്‍സ് മത്സരവും തുടര്‍ന്ന് രാജാ റാണി കപ്പിള്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 6.45 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് നൈറ്റ് മെഗാഷോയും നടത്തപ്പെടും