പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ കുടുംബങ്ങള്‍
ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കി കെ.എസ്.എസ്.എസ്
കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് റിലൈയന്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലഭ്യമാക്കുന്ന അവശ്യകിറ്റുകളുടെ വിതരണം പൂര്‍ത്തിയായി. ഇടുക്കി ജില്ലയിലെ കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെയും കോട്ടയം ജില്ലയിലെ മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെയും പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കായുള്ള കിറ്റുകളുടെ വിതരണമാണ് പൂര്‍ത്തിയായത്. പായ, ബെഡ്ഷീറ്റ്, നൈറ്റി, ലുങ്കി, തോര്‍ത്ത്, തറതുടയ്ക്കുന്ന ലോഷന്‍, മോപ്പ്, കുളിസോപ്പ്, അലക്ക് സോപ്പ് എന്നിവ ഉള്‍പ്പെടുന്ന രണ്ടായിരം രൂപ വീതം വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാദാസ് കെ.എം, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍ ശ്രീകുമാര്‍, മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പി. സൈമണ്‍, കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് സജിമോന്‍ എന്നിവര്‍ കിറ്റുകളുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍മാരായ സിജോ തോമസ്, ബബിതാ റ്റി. ജെസില്‍, അനീഷ് കെ.എസ്, നിത്യമോള്‍ ബാബു, അലന്‍സ് റോസ് സണ്ണി, റിലൈയസ് ഫൗണ്ടേഷന്‍ മാനേജര്‍മാരായ നഫാസ് നാസര്‍, അനൂപ് രാജന്‍, ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കിയത്. വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണത്തോടെ പ്രളയ മണ്ണിടിച്ചില്‍ മേഖലകളിലെ ആളുകള്‍ക്ക് കൂടുതല്‍ സഹായ ഹസ്തം വരുംദിനങ്ങളില്‍ കെ.എസ്.എസ്.എസ് ലഭ്യമാക്കും.