* ജനകീയ ആട് വളര്‍ത്തല്‍ പദ്ധതി രണ്ടാം ഘട്ടം ധനസഹായ വിതരണം നടത്തി
കോട്ടയം: ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷിക സംസ്‌ക്കാരം പിന്തുടരണമെന്ന് കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. കോവിഡ് അതിജീവനത്തോടൊപ്പം സ്വയംപര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന സാധ്യതകള്‍ക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ജനകീയ ആട് വളര്‍ത്തല്‍ പദ്ധതി രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ധനസഹായം വിതരണം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നിര്‍വ്വഹിച്ച് സാസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോരുത്തര്‍ക്കും അനുയോജ്യമായ ഉപവരുമാന പദ്ധതികളിലൂടെ സ്വയം പര്യാപ്തതയും സാമ്പത്തിക സുസ്ഥിരതയും കൈവരിക്കുവാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, മുന്‍ കോട്ടയം നഗര സഭ ചെയര്‍പേഴ്‌സണും കൗണ്‍സിലറുമായ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി, മലങ്കര, കിടങ്ങൂര്‍, ചുങ്കം മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിക്ക് ധനസഹായം ലഭ്യമാക്കിയത്.