കോട്ടയം: ഭിന്നശേഷിയുള്ളവരോടുള്ള കരുതല്‍ മനുഷ്യ മഹത്വത്തിന്റെ ഉദാത്ത മാതൃകയാണെന്ന് കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യ പ്രവര്‍ത്തികളിലൂടെ അര്‍ഹരായവര്‍ക്ക് സഹായ ഹസ്തമൊരുക്കുമ്പോഴാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹമായി നാം മാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സന്നദ്ധ പ്രവര്‍ത്തകരായ ബെസ്സി ജോസ്, മേരി ഫിലിപ്പ്, ചിന്നമ്മ രാജന്‍, സാലി മാത്യു എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലെ നൂറോളം ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.