ഭിന്നശേഷിയുള്ളവരെ കൈപിടിച്ചുയര്‍ത്തേണ്ടത് സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ ദൗത്യമാണെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ആരോഗ്യ സുരക്ഷ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുവാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പരിശീലകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും സേവനങ്ങള്‍ വിലമതിയ്ക്കാനാകത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ ഹൈജീന്‍ കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ആരോഗ്യ സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയ്ക്ക് അതിരമ്പുഴ പബഌക് ഹെല്‍ത്ത് സെന്ററിലെ അസി. സര്‍ജ്ജന്‍ ഡോ. അമ്പിളി റ്റോം നേതൃത്വം നല്‍കി. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്‍ഡയുടെയും മിസറിയോര്‍ ജര്‍മ്മനിയുടെയും സഹകരണത്തോടെ സോപ്പുകള്‍, ടര്‍ക്കികള്‍, ഡിറ്റര്‍ജന്റ്, മാസ്‌ക്കുകള്‍ എന്നിവ അടങ്ങുന്ന ഹൈജീന്‍ കിറ്റുകളാണ് ലഭ്യമാക്കിയത്.