ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ഇച്ഛാശക്തി സായക്തമാക്കിയെടുക്കുവാന്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍
കോട്ടയം: ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ഇച്ഛാശക്തി സായക്തമാക്കിയെടുക്കുവാന്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി കോട്ടയം ജില്ലാ സ്‌പെഷ്യല്‍ എംപ്ലോയിമെന്റ് ഓഫീസുമായി സഹകരിച്ച് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച തൊഴില്‍ ബോധവല്‍ക്കരണപരിപാടിയുടെയും സ്‌പെഷ്യല്‍ എംപ്ലോയിമെന്റ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ ഒരുക്കുന്നതിലൂടെ ഇത്തരം വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്മയുടെയും പ്രതിക്ഷയുടെയും പുതിയ കിരണങ്ങള്‍ സമ്മാനിക്കുവാനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് തോമസ് കോട്ടൂര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം സ്‌പെഷ്യല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ സോണിയ എ.എം, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള തൊഴില്‍ സാധ്യതകളെക്കുറിച്ച് സ്‌പെഷ്യല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ സോണിയാ എ.എം ക്ലാസ് നയിച്ചു. കൂടാതെ സ്‌പെഷ്യല്‍ എംപ്ലോയിമെന്റില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുട്ടികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ക്രമീകരണങ്ങളും തൊഴില്‍ സംബന്ധമായ സംശയ നിവാരണവും ക്യാമ്പിയിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും പരിപാടിയില്‍ പങ്കെടുത്തു.