ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെ സഹകരണത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വൈകല്യാവസ്ഥയെ അതിജീവിച്ച് ജീവിത വിജയം കൈവരിച്ച് ഭിന്നശേഷിയുള്ളവര്‍ക്ക് മാതൃകയായ കോട്ടയം നാട്ടകം ഗവണ്‍മെന്റ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. റിജു സൈമണിനെ ഫാ. സുനില്‍ പെരുമാനൂര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നാരങ്ങാ സ്പുണ്‍ റേസ് മത്സരവും ബോള്‍ പാസിംഗ് മത്സരവും സംഘടിപ്പിച്ചു.കൂടാതെ ഭിന്നശേഷിയുള്ള കുട്ടികളുടെ കലാപരിപാടികളും നടത്തപ്പെട്ടു. ദിനാചരണത്തോടനുബന്ധിച്ച് ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ്സിന് ഡോ. റിജു സൈമണ്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളും അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ദിനാചരണത്തില്‍ പങ്കെടുത്തു.