ഭൗമ സംരംക്ഷണം മാനവരാശിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ഭൗമ ദിനാചരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയെ മലീനസമാക്കുന്ന മനുഷ്യന്റെ പ്രവര്‍ത്തികളെ ഓരോരുത്തരും തിരിച്ചറിയുന്നതോടൊപ്പം മാലിന്യ സംസ്‌ക്കാരണത്തിലൂടെയും ഭൂമിയ്ക്ക് തണലോകുന്ന പ്രവര്‍ത്തനങ്ങളിലൂടെയും ഭൗമ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാലവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും പരിണിത ഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും പ്രകൃതിയുടെയും ഭൂമിയുടെയും സംരക്ഷണം ഒരോരുത്തരുടെയും ഉത്തരവദിത്വമാണെന്ന തിരിച്ചറിവില്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ സിബി ജെയിംസ് ഐക്കരത്തുണ്ടത്തില്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭൗമ സംരക്ഷണ സെമിനാറിന് കുമരകം റീജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്ററന്റ് പ്രൊഫസര്‍ ഡോ. അജിത് കെ. നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു