മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുവാന്‍ വ്യക്തി പരിസര ശുചീകരണത്തോടൊപ്പം മാലിന്യ സംസ്‌ക്കരണവും അത്യന്താപേക്ഷിതമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. മഴക്കാലത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മഴക്കരുതല്‍ എന്ന പേരില്‍ കോട്ടയം തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച മഴക്കാല രോഗ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുടെയും സന്നദ്ധ പ്രവര്‍ത്തകര്‍ക്കായുള്ള ശുചീകരണ കിറ്റുകളുടെയും വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചിത്വ കേരളം സുന്ദര കേരളം എന്ന ആശയം കെട്ടിപ്പടുക്കുവാന്‍ കൂട്ടായ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും ജൈവ മാലിന്യങ്ങളും ജൈവേതര മാലിന്യങ്ങളും തരം തിരിച്ച് സംസ്‌ക്കരിക്കുവാനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഒരോരുത്തരുടെയും ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ മാത്രമെ മഴക്കാല രോഗങ്ങളെ അകറ്റി നിര്‍ത്തുവാന്‍ കഴിയൂവെന്നും മഴക്കാലത്തുണ്ടാകാവുന്ന പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ വ്യക്തി കുടുംബ സമൂഹ കൂട്ടായയജ്ഞം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് ഇടയ്ക്കാട് മേഖല കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍, ചുങ്കം മേഖല കോര്‍ഡിനേറ്റര്‍ ബിസി ചാക്കോ, കടുത്തുരുത്തി മേഖല കോര്‍ഡിനേറ്റര്‍ ലിജോ സാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോധവല്‍ക്കരണ പരിപാടിയ്ക്ക് അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ധന്യ കെ. ഗോപി നേതൃത്വം നല്‍കി. പരിപാടിയോടനുബന്ധിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ശുചീകരണ കിറ്റുകളും ലഭ്യമാക്കി.